ശബരിമലയിൽ ആരംഭിക്കാനിരുന്ന ഹരിവരാസനം റേഡിയോയുമായി ബന്ധപ്പെട്ട് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നു. ടെൻഡറിൽ പങ്കെടുത്ത കെ. ചന്ദ്രസേനൻ അഴിമതി ആരോപണവുമായി രംഗത്തെത്തി. ബാലകൃഷ്ണൻ പെരിയ നൽകിയതിനേക്കാൾ കുറഞ്ഞ തുകയാണ് താൻ ടെൻഡറിൽ നിർദ്ദേശിച്ചതെന്നും എന്നിട്ടും ടെൻഡർ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒഴിവാക്കാനായിരുന്നു നീക്കമെന്നും കെ. ചന്ദ്രസേനൻ ആരോപിച്ചു.
ബാലകൃഷ്ണൻ പെരിയ റേഡിയോയ്ക്ക് മാസം 5.83 ലക്ഷം രൂപയാണ് നിർദ്ദേശിച്ചത്. ഇതിൽ സ്ഥാപിക്കാനുള്ള 20 ലക്ഷം രൂപയും ഉൾപ്പെടുന്നു. എന്നാൽ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം 5.4 ലക്ഷം രൂപയാണ് നിർദ്ദേശിച്ചതെന്ന് കെ. ചന്ദ്രസേനൻ വ്യക്തമാക്കി. പലതവണ മെയിൽ അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും വിശദീകരണം ലഭിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിവരാസനം റേഡിയോ നടത്തിപ്പ് മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയ്ക്ക് നൽകാൻ വഴിവിട്ട നീക്കം നടന്നെന്ന ആക്ഷേപത്തെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. സി.ഐ.ടി.യു ദേവസ്വം ബോർഡിന് പ്രതിഷേധം അറിയിച്ച് കത്ത് നൽകിയിരുന്നു. കരാറിൽ അടിമുടി ദുരൂഹതയാണെന്നും വൻ തുകയ്ക്കാണ് ബാലകൃഷ്ണൻ പെരിയയ്ക്ക് കരാർ നിശ്ചയിച്ചതെന്നും ആക്ഷേപമുണ്ട്. ഇത് ദേവസ്വം ബോർഡിന് വൻ ബാധ്യത ഉണ്ടാക്കുമെന്നും പറയപ്പെടുന്നു.
Story Highlights: More evidence of irregularities in Sabarimala Harivarasanam Radio tender process, with allegations of corruption and favoritism.