പത്തനംതിട്ട◾: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്വർണ്ണവ്യാപാരിയെ സാക്ഷിയാക്കുന്നതിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് SIT തുടരുകയാണ്. ഇതിനിടെ, കേസിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സാക്ഷിയാക്കിയേക്കും.
ദേവസ്വം ബോർഡ് മുൻ ജീവനക്കാരിൽ നിന്നും എസ്ഐടി മൊഴിയെടുത്തു. സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നവരുടെയും, മരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് 400 ഗ്രാം സ്വർണ്ണം കണ്ടെടുത്തിട്ടുള്ളത്. ഈ സ്വർണം ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്നതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ഈ സാഹചര്യത്തിൽ സ്വർണ വ്യാപാരി ഗോവർധനെ സാക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് എസ്ഐടി നിയമോപദേശം തേടിയിരിക്കുന്നത്.
അതേസമയം, കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. മഹസറിൽ ഒപ്പുവെക്കുമ്പോൾ ബോർഡ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ ആരൊക്കെ ഉണ്ടായിരുന്നു എന്ന വിവരവും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടർന്ന്കൊണ്ടിരിക്കുകയാണ്. പോറ്റിയുടെ ബെംഗളുരുവിലെ ഭൂമി, റിയൽ എസ്റ്റേറ്റ് വിവരങ്ങൾ എന്നിവ SIT പരിശോധിച്ചു. ഇന്നലെ ഫ്ലാറ്റിൽ നടന്ന പരിശോധനയിൽ ഭൂമി ഇടപാടുകളുടെ രേഖകൾ കണ്ടെത്തിയിരുന്നു.
പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിനാൽ ബെംഗളൂരുവിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയാണ്. തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Story Highlights: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്വർണ്ണവ്യാപാരിയെ സാക്ഷിയാക്കുന്നതിൽ നിയമോപദേശം തേടി എസ്ഐടി .



















