**ബെംഗളൂരു◾:** ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്ലാറ്റിൽ നിന്ന് 150 ഗ്രാം സ്വർണം കണ്ടെത്തി. സ്വർണാഭരണങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ തെളിവെടുപ്പ് ആരംഭിച്ചു. കേസിൽ നിർണായകമായ വഴിത്തിരിവായുണ്ടായത്, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനിലേക്ക് അന്വേഷണസംഘം എത്തിയതാണ്.
പോറ്റിക്ക് ബംഗളൂരുവിൽ ലഭിച്ച സഹായങ്ങൾ എസ്.ഐ.ടി അന്വേഷിക്കും. സ്വർണം വേർതിരിച്ചെടുക്കാൻ പോറ്റി സ്വർണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവിൽ നിന്നാണ്. ഇതിന്റെ ഉറവിടം കണ്ടെത്താൻ പരിശോധനകൾ നടന്നുവരികയാണ്. ഹൈദരാബാദിലും തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണ സംഘം ഇന്ന് രാവിലെ 9.15 ഓടെയാണ് പോറ്റിയുടെ ഫ്ലാറ്റിൽ എത്തിയത്. ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളിയിൽ നിന്ന് പോറ്റി വേർതിരിച്ചെടുത്ത സ്വർണം എവിടെ എന്ന ചോദ്യം ബാക്കിയായിരുന്നു. പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ പരിശോധന തുടരുകയാണ്.
ഒരാഴ്ച മുമ്പ് എസ്.ഐ.ടി ഗോവർധന്റെ മൊഴിയെടുത്തു. പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്ന് ഗോവർധൻ സമ്മതിച്ചു. തുടർന്ന് ബെല്ലാരിയിലെത്തി 400 ഗ്രാമിലധികം സ്വർണം കണ്ടെടുക്കാൻ സാധിച്ചു.
ശബരിമല സ്വർണ കവർച്ചയിൽ തനിക്ക് ബന്ധമില്ലെന്നാണ് ഗോവർധൻ പറയുന്നത്. ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും ഗോവർധൻ പറഞ്ഞു. ശബരിമല ശ്രീകോവിലിന്റെ വാതിൽ പാളിയിൽ സ്വർണം പൂശാൻ പോറ്റി ബന്ധപ്പെട്ടിരുന്നുവെന്നും അന്ന് അയ്യപ്പ ഭക്തനായതിനാൽ സമ്മതിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്റെ സ്വർണപ്പാളിയിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ബെല്ലാരിയിലെ വ്യാപാരിയിൽ നിന്ന് കണ്ടെടുത്തു, പ്രതിയുടെ ഫ്ലാറ്റിൽ നിന്നും സ്വർണം പിടിച്ചെടുത്തു. സ്വർണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Story Highlights: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്ന് സ്വർണം കണ്ടെത്തി.



















