റാന്നി◾: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച രണ്ടാമത്തെ കേസിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമായിരുന്നു അറസ്റ്റ്. കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്.
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ നിന്നും സ്വർണ്ണം മോഷ്ടിക്കുന്നതിന് തൊട്ടുമുൻപാണ് പോറ്റി കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്നത്. ഇതിനിടെ കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷവും ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുടെ പേര് പറഞ്ഞ് പണം പിരിക്കാൻ ശ്രമിച്ചെന്നും വിവരമുണ്ട്. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണായക മൊഴിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. നിലവിലെ മൊഴി പരിശോധിച്ച് ഗോവർധനെ മാപ്പുസാക്ഷിയാക്കാൻ സാധ്യതയുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ശബരിമലയിലെ സ്വർണം 15 ലക്ഷം രൂപയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് വിറ്റെന്നായിരുന്നു ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി തെളിവുകൾ സഹിതമാണ് ഇയാൾ മൊഴി നൽകിയത്. സ്വർണം പൂർണമായും കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. 13 ദിവസത്തേക്ക് പോറ്റിയെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ശബരിമലയിലെ വിവിധ ആവശ്യങ്ങൾക്കായി താനടക്കമുള്ള ആളുകളുടെ കയ്യിൽ നിന്ന് 70 ലക്ഷം രൂപ പോറ്റി വാങ്ങിയതായും ഗോവർധൻ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ എത്ര ദിവസം കസ്റ്റഡിയിൽ വെക്കുമെന്ന കാര്യത്തിൽ തീരുമാനമാകൂ. റിമാൻഡ് നടപടികൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ഇതിനിടെ ശബരിമലയിലെ മോഷണ വിവരങ്ങൾ പുറത്തായതോടെ പോറ്റി ചെന്നൈയിലും, ബംഗലൂരുവിലും പോയിരുന്നു.
അതേസമയം തനിക്കെതിരെ ഒന്നും ആരോടും പറയരുതെന്ന് സ്പോൺസർമാരോട് ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു. അടച്ചിട്ട മുറിയിലാണ് കോടതിയിൽ കേസിന്റെ നടപടികൾ നടക്കുന്നത്. റാന്നി കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Story Highlights: ശബരിമല സ്വർണ്ണകൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു.



















