ശബരിമലയിൽ വാഹന പാർക്കിംഗ് സൗകര്യം വിപുലീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ നിലവിലുള്ള എണ്ണായിരം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സ്ഥലത്തിന് പുറമേ 2500 വാഹനങ്ങൾക്ക് കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും.
വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും. മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുവാദത്തോടെ ഏർപ്പെടുത്താൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ 17 പാർക്കിങ്ഗ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി ഉറപ്പാക്കിയിട്ടുണ്ട്. ഇത് വാഹന പാർക്കിംഗും ഗതാഗതവും കൂടുതൽ സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Sabarimala expands parking facilities to accommodate 16,000 vehicles simultaneously