ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ തന്ത്രി കണ്ഠരര് രാജീവര് രംഗത്ത്. 2019-ൽ ദ്വാരപാലക ശില്പത്തിലെ പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് തന്റെ നിർദ്ദേശപ്രകാരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് തനിക്ക് കത്ത് നൽകിയെന്നും അതിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും കണ്ഠരര് രാജീവര് ട്വന്റിഫോറിനോട് പറഞ്ഞു. വിജയ് മല്യ ശബരിമലയിൽ സമർപ്പിച്ചത് സ്വർണം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദങ്ങൾ വേദനാജനകമാണെന്ന് കണ്ഠരര് രാജീവര് അഭിപ്രായപ്പെട്ടു. അറ്റകുറ്റപ്പണി നടത്തണമെന്ന് താന് ആവശ്യപ്പെട്ടിട്ടില്ല. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് എനിക്ക് കത്ത് നൽകിയപ്പോൾ അതിന് മറുപടി നൽകുക മാത്രമാണ് ചെയ്തത്. ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്, അതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നീക്കം നടന്നിരുന്നു. ഇതിനിടെ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവ് ട്വന്റിഫോറിന് ലഭിച്ചു. ദേവസ്വം ബോർഡിനെ അറിയിക്കുന്നതിന് മുമ്പ് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് കത്തയച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ വഴിവിട്ട ഇടപെടലിന് മുരാരി ബാബു മുൻപും അവസരം ഒരുക്കിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ ദ്വാരപാലക പീഠം കൊടുത്തുവിടാൻ നിർദ്ദേശം നൽകിയത് മുരാരി ബാബു ആണെന്ന് സ്മാർട്ട് ക്രിയേഷൻസ് തിരിച്ചയച്ച കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, 2019-ൽ ദ്വാരപാലക ശില്പം അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് തന്റെ അനുമതിയോടെയല്ലെന്ന് കണ്ഠരര് രാജീവര് ആവർത്തിച്ചു. അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് ദേവസ്വം ബോർഡ് കത്ത് നൽകിയതിനെ തുടർന്ന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് മല്യ സമർപ്പിച്ചത് സ്വർണം തന്നെയാണെന്ന് കണ്ഠരര് രാജീവര് ഉറപ്പിച്ചുപറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതുകൊണ്ട് താൻ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Kandarar Rajeevar about Sabarimala controversy