ശബരിമല അയ്യപ്പന്റെ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകൾ വിഷു മുതൽ ലഭ്യമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ലോക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്ന് ലോക്കറ്റുകൾ ഭക്തർക്ക് നേരിട്ട് കൈപ്പറ്റാം.
WWW.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ മൂന്ന് തൂക്കത്തിലാണ് ലോക്കറ്റുകൾ ലഭ്യമാകുക.
ഓരോ തൂക്കത്തിനും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. രണ്ട് ഗ്രാം സ്വർണ ലോക്കറ്റിന് 19,300 രൂപയും, നാല് ഗ്രാമിന് 38,600 രൂപയും, എട്ട് ഗ്രാമിന് 77,200 രൂപയുമാണ് വില. 1980 കളിൽ ഗുരുവായൂരപ്പൻ ലോക്കറ്റുകളുടെ മാതൃകയിലാണ് ശബരിമലയിൽ സ്വർണ്ണ, വെള്ളി ലോക്കറ്റുകൾ ആദ്യമായി നിർമ്മിച്ചത്.
അന്ന് ദേവസ്വത്തിന്റെ കൈവശമുണ്ടായിരുന്ന സ്വർണ്ണമുപയോഗിച്ചാണ് ലോക്കറ്റുകൾ നിർമ്മിച്ചിരുന്നത്. ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രമാണ് ലോക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷു മുതൽ ലോക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്.
Story Highlights: Travancore Devaswom Board will distribute Ayyappan lockets from Vishu onwards.