മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്ത് നൽകി. സിപിഐഎം ഭരിക്കുന്ന ഈ ബാങ്കിൽ 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയിരുന്നു.
മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് കോടികളുടെ ക്രമക്കേട് നടത്തിയതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയത്. 2020 മുതൽ താൻ ഉന്നയിച്ച ആരോപണങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ പണം അന്യാധീനപ്പെടാതിരിക്കാനും, ക്രമക്കേട് നടത്തിയ സിപിഐഎം നേതാക്കൾക്കെതിരെ നിഷ്പക്ഷ അന്വേഷണം നടത്താനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബാങ്കിന്റെ ക്രമക്കേടുകൾ നേരത്തെ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും രാജേന്ദ്രൻ ആരോപിച്ചു.
കഴിഞ്ഞദിവസമാണ് മാക്സി മൂന്നാർ കമ്പനി രൂപീകരിച്ച് ബാങ്ക് നടത്തിയ ക്രമക്കേടുകളുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.