ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശാണ് നറുക്കെടുപ്പ് നടത്തിയത്. ഉഷപൂജക്ക് ശേഷം രാവിലെ 8 മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. നവംബർ 15ന് മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുമ്പോഴാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്.
കൊല്ലം ശക്തി കുളങ്ങര സ്വദേശിയായ എസ് അരുൺ കുമാർ നമ്പൂതിരി മുൻ ആറ്റുകാൽ മേൽശാന്തിയാണ്. നിലവിൽ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 30 വർഷമായി മേൽശാന്തിയായി ജോലി ചെയ്യുന്നു. ആറു വർഷമായി ശബരിമല മേൽശാന്തിയാകാൻ ശ്രമിക്കുകയായിരുന്നുവെന്ന് അരുൺ കുമാർ നമ്പൂതിരി പ്രതികരിച്ചു. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തത്. ശബരിമല ക്ഷേത്രത്തിന്റെ പ്രധാന ചടങ്ങുകൾ നിർവഹിക്കുന്നതിനും പൂജകൾ നടത്തുന്നതിനുമുള്ള ഉത്തരവാദിത്തം ഇനി എസ് അരുൺ കുമാർ നമ്പൂതിരിക്കായിരിക്കും.
Story Highlights: S Arun Kumar Namboothiri selected as new Sabarimala Melsanthi after draw of lots