റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ കടുത്ത വിമർശകനും പ്രമുഖ റഷ്യൻ സെലിബ്രിറ്റി ഷെഫുമായ അലക്സി സിമിൻ സെർബിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെൽഗ്രേഡിലെ ഒരു ഹോട്ടൽ മുറിയിലാണ് സിമിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് റഷ്യൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. സിമിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്നും പോസ്റ്റ്മോർട്ടവും ടോക്സിക്കോളജി റിപ്പോർട്ടും നടന്നുകൊണ്ടിരിക്കുകയാണെന്നും സെർബിയൻ അധികൃതർ അറിയിച്ചു.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടർന്ന് അലക്സി ബ്രിട്ടനിലേക്ക് താമസം മാറ്റിയിരുന്നു. തന്റെ പുസ്തകത്തിന്റെ പ്രചാരണാർത്ഥമാണ് അദ്ദേഹം സെർബിയയിൽ എത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഉക്രെയ്നിലെ റഷ്യൻ യുദ്ധത്തിന്റെ ഒരു പ്രമുഖ വിമർശകനായിരുന്നു സിമിൻ എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം ആലപിച്ച യുദ്ധവിരുദ്ധ ഗാനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു സിമിൻ.
Story Highlights: Russian celebrity chef and Putin critic Alexei Zimin found dead in Serbia