റഷ്യയിൽ ഒരു മണിക്കൂറിനിടെ തുടർച്ചയായി അഞ്ച് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയതിനെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. കിഴക്കൻ റഷ്യയിലാണ് ഭൂചലന പരമ്പരകൾ അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശം നൽകി.
പ്രാദേശിക അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി നൽകുന്ന വിവരങ്ങൾ അനുസരിച്ച് അല്യൂട്ട്സ്കി ജില്ലയിൽ 60 സെൻ്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കിയേക്കാം. ഭൂകമ്പത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായെങ്കിലും നാശനഷ്ട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
യുഎസ്ജിഎസ് റിപ്പോർട്ട് അനുസരിച്ച്, പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കി തീരത്ത് 32 മിനിറ്റിനുള്ളിൽ തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടായി. കംചത്ക മേഖലയുടെ തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ (87 മൈൽ) കിഴക്കായിരുന്നു ഈ ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം. ഇതിനുപുറമെ റിക്ടർ സ്കെയിലിൽ 6.7, 5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റ് രണ്ട് ഭൂചലനങ്ങളും ഉണ്ടായി.
അലർട്ടുകൾ പുറപ്പെടുവിച്ചതോടെ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
Story Highlights: റഷ്യയുടെ തീരത്ത് ശക്തമായ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു