ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ നിർണായക വഴിത്തിരിവ്. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഡ്രോൺ ദൗത്യത്തിനായി എത്തും. ട്രക്കിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി. നദിയുടെയും കരയുടെയും മധ്യേയാണ് ട്രക്ക് ഉള്ളതെന്നും ക്യാബിൻ ഭാഗം കൃത്യമായി കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും ഡ്രോൺ പരിശോധന നടത്തുമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഉറപ്പു നൽകി. റസ്ക്യു സംഘം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ കൂടി എത്തിയാൽ തിരച്ചിൽ കൂടുതൽ ഫലപ്രദമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുന്ന തിരച്ചിലിൽ അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഇന്നത്തെ തിരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. ഈ നിർണായക ഘട്ടത്തിൽ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തീവ്രമാക്കിയിരിക്കുകയാണ്.