പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള 8000 വിദ്യാർത്ഥികളെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലേക്ക് ആർഎസ്എസ് എത്തിക്കുന്നു. മൂന്ന് ദിവസം കൊണ്ട് അവധ് മേഖലയിലെ 14 ജില്ലകളിലുള്ള ‘സംസ്കാര കേന്ദ്ര’ങ്ങളിൽ നിന്നാണ് വിദ്യാർത്ഥികളെ പ്രയാഗ്‌രാജിലേക്ക് എത്തിക്കുക. ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയാണ് ഈ പരിപാടിയുടെ നേതൃത്വം വഹിക്കുന്നത്. ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുക, മതംമാറ്റത്തിന് ‘ഇര’കളാകാതിരിക്കാൻ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വിദ്യാഭാരതി അവകാശപ്പെടുന്നു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെയാണ് കൂടുതലായും ‘കുംഭ് ദർശ’ന്റെ ഭാഗമാക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 10 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെ അവരുടെ രക്ഷിതാക്കൾക്കൊപ്പമാണ് കുംഭമേളയിലേക്ക് കൊണ്ടുപോകുന്നത്. അവധ് മേഖലക്ക് ശേഷം ഗൊരഖ്പുർ, കാശി, കാൺപുർ മേഖലകളിൽ നിന്നും വിദ്യാർത്ഥികളെ മഹാകുംഭമേളക്ക് എത്തിക്കാനാണ് ആർഎസ്എസിന്റെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദ്യാർത്ഥികളെ കുംഭമേളയിലേക്ക് എത്തിക്കുന്നതിലൂടെ നമ്മുടെ സംസ്കാരവും കുംഭമേളയുടെ ആത്മീയ വശവും അവരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അവധ് മേഖലയിലെ സേവഭാരതി സ്കൂൾ പരിശീലകൻ റാംജി സിങ് പറഞ്ഞു. മതപരിവർത്തനത്തിന് എത്തുന്ന മിഷനറിമാരെ തടയാൻ ഈ യാത്ര വിദ്യാർത്ഥികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: RSS takes 8,000 students from backward classes to the Mahakumbh Mela in Prayagraj.