ഇന്ന് പ്രയാഗ്രാജിൽ ആരംഭിക്കുന്ന മഹാകുംഭമേളയ്ക്ക് വൻ ഒരുക്കങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടക സംഗമമായ മഹാകുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. പൗഷ് പൂർണിമ മുതൽ മഹാശിവരാത്രി വരെയുള്ള 45 ദിവസങ്ങളാണ് മേള നടക്കുന്നത്. മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം ഇന്ന് ആരംഭിക്കും.
പ്രയാഗ്രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും വാച്ച് ടവറുകളും ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏകദേശം 40 കോടി തീർത്ഥാടകർ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാകുംഭമേളയിൽ പങ്കെടുക്കാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ക്ഷണിച്ചിരുന്നു.
അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തീർത്ഥാടകരുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ത്രിവേണി സംഗമ വേദിയിൽ 40 മുതൽ 45 കോടി വരെ തീർത്ഥാടകർ എത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഓരോ തീർത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാനും തിരക്ക് നിയന്ത്രിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കും.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം എ.ഐ സാങ്കേതികവിദ്യയും മറ്റ് നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് സംഘാടകർ നടത്തിയിരിക്കുന്നത്. എ.ഐ അധിഷ്ഠിത ക്യാമറകൾ ഉപയോഗിച്ചാണ് തീർത്ഥാടകരുടെ എണ്ണം കണക്കാക്കുക. ആർഎഫ്ഐഡി ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളും ഉപയോഗിക്കും.
മേള നടക്കുന്ന വേദിയിൽ 200 സ്ഥലങ്ങളിൽ താൽക്കാലിക സിസിടിവി ക്യാമറകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരം ക്യാമറകളും പ്രവർത്തിക്കും. നൂറിലധികം പാർക്കിങ് കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ഫലപ്രദമായ തിരക്ക് നിയന്ത്രണം സാധ്യമാക്കും.
ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന്റേതുൾപ്പെടെ നിരവധി വ്യൂവിങ് സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ വ്യക്തികളെയും ട്രാക്ക് ചെയ്യുന്ന പ്രത്യേക ക്യാമറകൾക്ക് പുറമെ ഓരോ വ്യക്തിക്കും ആർഎഫ്ഐഡി റിസ്റ്റ് ബാൻഡുകൾ നൽകി അവരെ ട്രാക്ക് ചെയ്യും. ഇതിലൂടെ ഓരോരുത്തരും എത്ര നേരം കുംഭമേള നഗരിയിൽ ചെലവഴിച്ചു എന്ന് അറിയാനാകും. വിശ്വാസികളുടെ അനുമതിയോടെ പ്രത്യേക മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് അതിലെ ജിപിഎസ് വിവരങ്ങൾ ഉപയോഗിച്ചും വിവരങ്ങൾ ശേഖരിക്കും. 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് വേണ്ടി പ്രയാഗ്രാജിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
Story Highlights: The Mahakumbh Mela, the world’s largest pilgrimage, begins today in Prayagraj, with extensive preparations and advanced technology for crowd management.