മണിപ്പൂരിലെ സംഘർഷത്തെ അപലപിച്ച് ആർഎസ്എസ് രംഗത്തെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംഘർഷം പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ആർഎസ്എസ് മണിപ്പൂർ നേതൃത്വം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 19 മാസമായി അക്രമം പരിഹരിക്കപ്പെടാതെ കിടക്കുന്നത് നിർഭാഗ്യകരമാണെന്നും അക്രമങ്ങൾ ഭീരുത്വവും മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ആർഎസ്എസ് ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷമാവുകയാണ്. പ്രശ്നബാധിത മേഖലകളിൽ കടുത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇംഫാൽ ഉൾപ്പെടെ 7 ജില്ലകളിൽ കർഫ്യു തുടരുകയും ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സംഘർഷത്തിൽ പ്രതിഷേധിച്ച് ബിജെപിയിൽ കൂട്ടരാജി ഉണ്ടായി. ജിരിബാം മണ്ഡലത്തിലെ ബിജെപിയുടെ 8 ഭാരവാഹികൾ രാജിവച്ചു. കുക്കി സായുധ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജിരിബാമിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. 5 ആരാധനാലയങ്ങളും, പെട്രോൾ പമ്പും, 14 വീടുകളും തീവച്ചു നശിപ്പിച്ചു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പിൽ ഒരു യുവാവ് മരിച്ചു. രണ്ടു ദിവസത്തിനിടെ മണിപ്പൂരിൽ 20 പേർ കൊല്ലപ്പെട്ടതായും 17 എംഎൽഎമാരുടെ വീടുകൾ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Story Highlights: RSS condemns Manipur violence, urges governments to resolve conflict quickly