ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. UR · Cristiano എന്ന പേരിലുള്ള ചാനലിൽ ഇതുവരെ 19 വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റ മണിക്കൂറിനുള്ളിൽ 12 മില്യൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ ചാനൽ, മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിന്റെ ഗോൾഡൻ പ്ലേ ബട്ടൺ നേടി.
താരം തന്റെ കുടുംബത്തിനൊപ്പം ഗോൾഡൻ പ്ലേ ബട്ടൺ തുറക്കുന്നതിന്റെ വീഡിയോയും ചാനലിലൂടെ പങ്കുവച്ചു. റൊണാൾഡോയുടെ മക്കൾ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം. ‘എന്റെ കുടുംബത്തിന് ഒരു സമ്മാനം. എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി!’ എന്ന് താരം കുറിച്ചു. യൂട്യൂബിൽ താനിടുന്ന വിഡിയോകളുടെ ഉള്ളടക്കം ഫുട്ബോൾ മാത്രമായിരിക്കില്ലെന്നും കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ കാര്യങ്ങളും ഉൾപ്പെടുമെന്ന് താരം അറിയിച്ചു.
നിലവിൽ സൗദി അറേബ്യൻ പ്രോ ലീഗ് ക്ലബായ അൽ നസറിന്റെയും പോർച്ചുഗൽ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി 917 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന റൊണാൾഡോ, തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയാണ്.
Story Highlights: Cristiano Ronaldo launches YouTube channel, gains 12 million subscribers and Golden Play Button within hours