ഹജ്ജ് തീർത്ഥാടനം കൂടുതൽ സുഗമമാക്കുന്നതിനായി സൗദി അറേബ്യ ആവിഷ്കരിച്ചിരിക്കുന്ന ‘റോഡ് ടു മക്ക’ പദ്ധതിയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കത്തയച്ചു. ഏറ്റവും കൂടുതൽ വിദേശ തീർത്ഥാടകരുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ഇടപെടൽ തേടി ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കത്തയച്ചിട്ടുണ്ട്.
2019-ൽ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത ‘ഗസ്റ്റ് ഓഫ് ഗോഡ്’ സർവീസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ‘റോഡ് ടു മക്ക’ പദ്ധതി ആരംഭിച്ചത്. ഹജ്ജ് കർമ്മങ്ങൾ എളുപ്പത്തിലും സുഖകരമായും നിർവഹിക്കാൻ ഈ പദ്ധതി സഹായിക്കും. ഇന്തോനേഷ്യ, പാകിസ്ഥാൻ, മലേഷ്യ, മൊറോക്കോ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഇതിനകം ഈ പദ്ധതിയിൽ അംഗങ്ങളാണ്.
‘റോഡ് ടു മക്ക’ പദ്ധതി പ്രകാരം ഹാജിമാർക്ക് സ്വന്തം രാജ്യത്തെ വിമാനത്താവളത്തിൽ നിന്ന് തന്നെ സൗദി അറേബ്യയുടെ എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. സൗദിയിലെത്തിയാൽ നടപടിക്രമങ്ങൾക്ക് കാത്തുനിൽക്കാതെ നേരിട്ട് മക്കയിലേക്കും മദീനയിലേക്കും താമസസ്ഥലത്തേക്കും വേഗത്തിൽ യാത്ര ചെയ്യാം. ലഗേജുകൾ സ്വന്തം രാജ്യത്തെ വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച് താമസസ്ഥലത്ത് എത്തിക്കുന്ന സൗകര്യവും ലഭ്യമാണ്.
എമിഗ്രേഷനു വേണ്ടി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരക്കും ഒഴിവാക്കാൻ ഈ പദ്ധതി സഹായിക്കും. ഇന്ത്യയിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളായ വിമാനത്താവളങ്ങളിൽ സൗദി പാസ്പോർട്ട് മന്ത്രാലയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ പദ്ധതിയിൽ ഇടം നേടാൻ സാധിക്കൂ. ആസന്നമായ ഹജ്ജിൽ വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ഈ സാഹചര്യത്തിൽ പദ്ധതിയിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ സൗദി ഭരണാധികാരികളുമായി നയതന്ത്ര-ഭരണ ഇടപെടലുകൾ നടത്തണമെന്ന് ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്ത്രീകളും പ്രായമായവരും അടങ്ങുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് ഈ പദ്ധതി ഏറെ ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ആഗോള മതസൗഹാർദ്ദത്തിന് കരുത്തു പകരാനും ഈ പദ്ധതി സഹായിക്കുമെന്നും ഗ്രാൻഡ് മുഫ്തി അഭിപ്രായപ്പെട്ടു.
Story Highlights: India’s Grand Mufti has requested the inclusion of India in Saudi Arabia’s ‘Road to Makkah’ initiative to streamline the Hajj pilgrimage for Indian pilgrims.