വിതുര(തിരുവനന്തപുരം)◾ അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്ന് വിതുര സ്വദേശിയായ മണിയൻ സ്വാമി(85) മരിച്ച സംഭവത്തിൽ വിതുര പോലീസ് അന്വേഷണം ഊർജിതമാക്കി. ഇദ്ദേഹത്തെ ഇടിച്ച കാറിനെ കുറിച്ചുള്ള സൂചന ലഭിച്ചതായി വിതുര സബ് ഇൻസ്പെക്ടർ എസ്.എൻ.മുഹ്സിൻ മുഹമ്മദ് പറഞ്ഞു. ഇന്ന് വാഹനം കസ്റ്റഡിയിൽ എടുത്തേക്കും..
വിതുരയിൽ സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാതിരുന്നതിനെ പൂവാട്ട് പള്ളിക്കു സമീപത്തെ വെയ്റ്റിംഗ് ഷെഡ്ഡിൽ അന്തിയുറങ്ങിയിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെ റോഡിനു സമീപം നിൽക്കുമ്പോഴാണ് അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചത്. വാഹനം നിർത്താതെ പോയി. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് സാരമായി ക്ഷതമേറ്റ ഇദ്ദേഹത്തെ പോലീസെത്തി വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി പൂവാട്ട് വെയ്റ്റിംഗ് ഷെഡ്ഡിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ശാരീരിക അവശതയെ പോലും വെല്ലുവിളിച്ച് പ്രായത്തെ വെല്ലുന്ന ചുറുചുറുക്കൂടെ വിതുരയിലെ തെരുവുകളിലൂടെ നടന്നിരുന്ന അദ്ദേഹം എല്ലാവർക്കും സുപരിചിതനായിരുന്നു.
സഹോദരിമായിലൊരാൾ തിരുവനന്തപുരം നഗത്തിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവരെ ബന്ധപ്പെട്ട് മരണ വിവരം അറിയിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു ബന്ധുക്കൾക്ക് കൈമാറുമെന്നാണ് വിവരം.
Story Highlights: വിതുരയിൽ വാഹനാപകടത്തിൽ 85 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.