വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സേവനം ചെയ്യാനെത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 6.30 മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. ഇവിടെ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ ദുരന്ത മേഖലയിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. സംഘങ്ങളായി എത്തുന്ന സന്നദ്ധ സേവകർക്ക് ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റർ ചെയ്താൽ മതിയാകും.
ദുരന്തബാധിത മേഖലയിൽ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൃത്യമായി കൺട്രോൾ റൂമിലെത്തിക്കണമെന്ന് അധികൃതർ സന്നദ്ധ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചതനുസരിച്ച്, രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിക്കുന്ന ആഭരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ, രേഖകൾ എന്നിവ സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമുകളിലോ ഏൽപ്പിക്കണം.
ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ പോലീസിന്റെ രാത്രികാല പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതെയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും ഈ പ്രദേശങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights: Registration mandatory for disaster relief volunteers in Wayanad landslide affected areas
Image Credit: twentyfournews