രാവണപ്രഭു വീണ്ടും ബിഗ് സ്ക്രീനിൽ നിറഞ്ഞാടുകയാണ്. ചിത്രത്തിന്റെ റീ റിലീസ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു. ഇപ്പോഴിതാ, സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
തിയേറ്ററുകളിൽ നിന്നും ആദ്യ ദിവസം 70 ലക്ഷം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയ്ക്ക് ഗംഭീര ബുക്കിംഗ് ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഇതിലും ഉയരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു. കൂടാതെ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസെന്റ്, വസുന്ധര ദാസ്, രേവതി, ഭീമൻ രഘു, അഗസ്റ്റിൻ, രാമു, മണിയൻപിള്ള രാജു എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 4K അറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.
24 വർഷങ്ങൾക്കിപ്പുറവും മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും ഇന്നും മലയാളികൾക്ക് ഒടുങ്ങാത്ത ആവേശമാണ് എന്ന് തിയേറ്ററുകളിലെ ആരവങ്ങളിൽ നിന്നും മനസ്സിലാക്കാം. 2001 ഒക്ടോബർ 5-നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 4K അറ്റ്മോസിൽ ഇന്നലെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്.
സുരേഷ് പീറ്റേഴ്സിന്റേതാണ് ചിത്രത്തിലെ സംഗീതം. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. മലയാളികൾ ആവേശത്തോടെ ഏറ്റെടുത്ത നിരവധി ഡയലോഗുകളും രംഗങ്ങളും ഈ സിനിമയിലുണ്ട്.
ചിത്രത്തിലെ ജനപ്രിയ കഥാപാത്രങ്ങളായ മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട കഥാപാത്രങ്ങളാണ്. കൂടാതെ, ചിത്രത്തിലെ ഓരോ ഗാനവും വലിയ ഹിറ്റായി മാറിയിട്ടുണ്ട്.
Story Highlights: രാവണപ്രഭു സിനിമയുടെ റീ റിലീസിൽ ആദ്യ ദിവസം 70 ലക്ഷം രൂപ കളക്ഷൻ നേടി.