ഒഡീഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ഞായറാഴ്ച വീണ്ടും തുറക്കാൻ തീരുമാനിച്ചു. 1978-നു ശേഷം ആദ്യമായാണ് ഭണ്ഡാരം തുറക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ ജസ്റ്റിസ് ബിശ്വനാഥ് റാത്ത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഈ നടപടി.
എസ്ജെടിഎ ചീഫ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഭണ്ഡാരം തുറക്കുന്നത്. ഭണ്ഡാരത്തിലെ ആഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് തുറക്കുന്നത്. ജൂലൈ 14-നാണ് രത്നഭണ്ഡാരം തുറക്കുന്നതെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ അറിയിച്ചു.
നിലവറ നവീകരിക്കുമെന്നും സ്വത്തിന്റെ കണക്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണക്കെടുപ്പിന്റെ സമയത്ത് ആർബിഐ പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച ടീമിന് പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്ര സമുച്ചയത്തിൽ ജഗമോഹനത്തിന്റെ വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണു രത്നഭണ്ഡാരം സ്ഥിതി ചെയ്യുന്നത്.
11. 78 മീറ്റർ ഉയരമുള്ള ഭണ്ഡാരത്തിന് 8. 79 മീറ്റർ നീളവും 6.
74 മീറ്റർ വീതിയുമാണുള്ളത്. 1805-ൽ പുരി കളക്ടർ ചാൾസ് ഗ്രോം നടത്തിയ കണക്കെടുപ്പിൽ 64 സ്വർണ, വെള്ളി ആഭരണങ്ങൾ, 128 സ്വർണ നാണയങ്ങൾ, 24 സ്വർണപ്പതക്കങ്ങൾ, 1297 വെള്ളി നാണയങ്ങൾ, 106 ചെമ്പു നാണയങ്ങൾ, 1333 തരം വസ്ത്രങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു.