മൊഹാലി (പഞ്ചാബ്)◾: രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരത്തിൽ അങ്കിത് ശർമയുടെ ഓൾറൗണ്ടർ പ്രകടനത്തിനിടയിലും കേരളം പതറുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് കേരളം നേടിയത്. ബാബ അപരാജിത് (39), അഹ്മദ് ഇമ്രാൻ (19) എന്നിവരാണ് ക്രീസിൽ തുടരുന്നത്. ആദ്യ ഇന്നിംഗ്സിൽ പഞ്ചാബ് 436 റൺസാണ് നേടിയത്.
ഒരു വിക്കറ്റിന് 15 റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച കേരളത്തിന് തുടക്കത്തിലേ വത്സൽ ഗോവിന്ദിനെ നഷ്ടമായി. 106 പന്തുകളിൽ നിന്ന് 18 റൺസ് നേടിയാണ് വത്സൽ പുറത്തായത്. രോഹൻ കുന്നുമ്മലും അങ്കിത് ശർമ്മയും ചേർന്ന് പിന്നീട് സ്കോർ ഉയർത്താൻ ശ്രമിച്ചു.
നാലാം വിക്കറ്റിൽ രോഹനും അങ്കിതും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ കേരളത്തിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഇതായിരുന്നു. എന്നാൽ, അങ്കിതിനെ രമൺദീപ് സിംഗ് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. 152 പന്തുകൾ നേരിട്ട് 62 റൺസെടുത്താണ് അങ്കിത് ശർമ്മ പുറത്തായത്.
ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുന്പ് രോഹന് കുന്നുമ്മലിന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. രോഹന് കുന്നുമ്മലിനെ മായങ്ക് മര്ക്കണ്ഡെ സലില് അറോറയുടെ കൈകളിലെത്തിച്ചു. 43 റണ്സാണ് രോഹന് നേടിയത്.
മുഹമ്മദ് അസറുദ്ദീനും അധികം നേരം ക്രീസിൽ നിലയുറപ്പിച്ചില്ല. 13 റൺസെടുത്ത അസറുദ്ദീനെ ക്രിഷ് ഭഗത് എൽബിഡബ്ല്യുവിൽ കുടുക്കി പുറത്താക്കി. സച്ചിൻ ബേബിയെ (36) നമൻ ധീറും പുറത്താക്കി. നിലവിൽ ബാബ അപരാജിത്തും ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ടിലാണ് കേരളത്തിന്റെ പ്രതീക്ഷ.
ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കൃഷ് ഭഗത്, നമൻ ധീർ എന്നിവർ പഞ്ചാബിനായി രണ്ട് വിക്കറ്റ് വീതം നേടി.
Story Highlights: രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരത്തിൽ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു, ബാബ അപരാജിത്തും അഹ്മദ് ഇമ്രാനുമാണ് ക്രീസിൽ.



















