കേരളത്തിനെതിരായ രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിനം വിദർഭയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് അവസാനിച്ചത്. കരുൺ നായരുടെ മികച്ച സെഞ്ച്വറിയുടെ പിൻബലത്തിൽ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് വിദർഭ നേടി. ഇതോടെ ആകെ 286 റൺസിന്റെ ലീഡിലാണ് വിദർഭ. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം യഷ് റാഥോഡ് സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സിൽ വിദർഭയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു റൺസെടുത്ത പാർഥ് റെഖാഡെയെ ജലജ് സക്സേനയും അഞ്ച് റൺസെടുത്ത ധ്രുവ് ഷോറെയെ നിധീഷും പുറത്താക്കി. രണ്ട് വിക്കറ്റിന് ഏഴ് റൺസ് എന്ന നിലയിൽ വിദർഭ വലിയ പ്രതിസന്ധിയിലായി.
എന്നാൽ ഡാനിഷ് മലേവാറും കരുൺ നായരും ചേർന്ന് വിദർഭയെ കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 182 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 73 റൺസെടുത്ത മലേവാറിനെ അക്ഷയ് ചന്ദ്രൻ പുറത്താക്കി.
മറുവശത്ത് കരുൺ നായർ മികച്ച പ്രകടനം തുടർന്നു. പത്ത് ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 132 റൺസുമായി കരുൺ നായർ പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്സിൽ നേരിയ വ്യത്യാസത്തിനാണ് കരുൺ നായർക്ക് സെഞ്ച്വറി നഷ്ടമായത്.
കളി അവസാനിക്കാൻ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെ 24 റൺസെടുത്ത യഷ് റാഥോഡിനെ ആദിത്യ സർവാടെ പുറത്താക്കി. 18 ഇന്നിങ്സുകളിൽ നിന്ന് അഞ്ച് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും അടക്കം 960 റൺസ് റാഥോഡ് ഈ സീസണിൽ നേടി. 53.3 ആണ് റാഥോഡിന്റെ ശരാശരി.
Story Highlights: Karun Nair’s century helped Vidarbha gain a substantial lead against Kerala on Day 4 of the Ranji Trophy final.