മുസ്ലിം ലീഗിനോടുള്ള അഭിനിവേശം വ്യക്തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ജാമിഅഃ നുരിയ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും മുസ്ലിം ലീഗ് തന്നോടൊപ്പം ഉണ്ടെന്നും ഇനിയും ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ രംഗത്തുള്ള കാലം മുതൽ ലീഗുമായി ഒരു അകൽച്ചയും ഉണ്ടായിട്ടില്ലെന്നും ദൃഢമായ ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫും കോൺഗ്രസും എല്ലാ മത സമുദായങ്ങളെയും ചേർത്തുനിർത്തുന്നവരാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ മുൻഗാമികളും ഇതേ നയം പിന്തുടർന്നിരുന്നുവെന്നും യുഡിഎഫിനും കോൺഗ്രസിനും ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതായും സ്വാഭാവികമായി രാഷ്ട്രീയം ചർച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.
പാണക്കാട് തങ്ങൾമാരുടെ സമന്വയ സമീപനത്തെ രമേശ് ചെന്നിത്തല പ്രശംസിച്ചു. സംഘർഷമുണ്ടാകുന്നയിടത്ത് സമാധാനത്തിന്റെ ദൂതുമായി പാണക്കാട് തങ്ങൾമാരും പി.കെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങൾക്കും സ്വീകാര്യമായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെ സമാധാനത്തിന്റെ സന്ദേശം തങ്ങൾമാർ ഉയർത്തിപ്പിടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസ്. – എസ്.എൻ.ഡി.പി പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിനും എത്തിയത്. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ സ്ഥാപനമാണ് ജാമിഅഃ നൂരിയ്യ. എം കെ മുനീർ അധ്യക്ഷനായ ‘ഗരീബ് നവാസ്’ എന്ന സെഷനിലാണ് രമേശ് ചെന്നിത്തല പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നെങ്കിലും ഇത്തവണ അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല.
Story Highlights: Ramesh Chennithala praises Muslim League, affirms strong alliance