ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം ‘ഗെയിം ചേഞ്ചറിന്റെ’ ടീസർ പുറത്തിറങ്ങി. ലഖ്നൗവിൽ നടന്ന ഗംഭീര ചടങ്ងിലൂടെയാണ് അണിയറ പ്രവർത്തകർ ടീസർ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. രാം ചരണിന്റെ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ടീസറിൽ, ശങ്കർ സിനിമകളുടെ പ്രത്യേകതയായ ദൃശ്യ മികവും എടുത്തു പറയേണ്ടതാണ്. ‘ഇന്ത്യൻ 2’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം ശങ്കർ ഒരുക്കുന്ന തെലുഗു ചിത്രമാണ് ‘ഗെയിം ചേഞ്ചർ’.
കിയാറ അദ്വാനിയാണ് രാം ചരണിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തിൽ എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങി ഇന്ത്യയിലെ വിവിധ സിനിമാ ഇൻഡസ്ട്രികളിൽ നിന്നുള്ള വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിനിമയിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ടീസർ ലോഞ്ചിൽ സംവിധായകൻ ശങ്കറിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. സിനിമയുടെ എഡിറ്റിംഗ് വർക്കുകൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനാലാണ് ശങ്കറിന് ടീസർ ലോഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് അദ്ദേഹം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സംക്രാന്തി റിലീസായി ജനുവരി 10നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. പൊളിറ്റിക്കൽ ഡ്രാമയായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ രചന കാർത്തിക് സുബ്ബരാജാണ് നിർവ്വഹിച്ചിരിക്കുന്നത്.
Story Highlights: Ram Charan’s ‘Game Changer’ teaser released, showcasing action scenes and visual brilliance