യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നടൻ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചു. സിനിമാ പശ്ചാത്തലമില്ലാതെ, നിരവധി പരിമിതികൾക്കിടയിലും കഠിനാധ്വാനത്തിലൂടെ ഒന്നരപ്പതിറ്റാണ്ടായി തുടരുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അത് വിജയിക്കില്ലെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു വ്യക്തി പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്കുകൊണ്ടുപോലും പ്രതികരിക്കാതിരുന്നവരെ രാഹുൽ വിമർശിച്ചു. ആ അല്പത്തരത്തെ ആസ്വദിച്ച കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണെന്ന് അദ്ദേഹം പരിഹസിച്ചു.
‘എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ’ എന്ന ‘ഉദയനാണ് താരം’ സിനിമയിലെ സരോജ് കുമാർ ഡയലോഗ് ഉദ്ധരിച്ച രാഹുൽ, ആ ഡയലോഗ് റോഷൻ ആൻഡ്രൂസ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കണ്ടെത്തിയതാണെന്ന് തോന്നിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അത്തരമൊരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.