പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പിന്തുണയ്ക്ക് പി.വി അൻവറിനോട് രാഹുൽ മാങ്കൂട്ടത്തിൽ നന്ദി പ്രകടിപ്പിച്ചു. ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചുകൊണ്ട് യുഡിഎഫിന് ഉപാധികളില്ലാതെ അൻവർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വർഗീയതയെ ചെറുക്കാൻ മതനിരപേക്ഷ മനസുള്ള ആരുടേയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും രാഹുൽ വ്യക്തമാക്കി.
അൻവറിന്റെയും ഡിഎംകെയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എന്നാൽ, ചേലക്കരയിൽ പിന്തുണയില്ലാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും അവിടെയും അൻവർ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഡി.എം.കെയ്ക്ക് മുന്നിൽ കോൺഗ്രസ് മുട്ടിലിഴഞ്ഞുവെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ആരോപിച്ചു.
അൻവർ യുഡിഎഫിന് നൽകിയ പിന്തുണ പ്രതീക്ഷിച്ചതാണെന്നും അത് വില പേശൽ തന്ത്രം മാത്രമാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. ഡിഎംകെയ്ക്ക് ചലനമുണ്ടാക്കാൻ കഴിയില്ലെന്നും കോൺഗ്രസിന്റെ അധഃപതനമാണ് പാലക്കാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, വർഗീയ ഫാസിസത്തിന് അനുകൂലമായി ഒരു ജനൽ പാളി പോലും തുറക്കരുതെന്ന ആഗ്രഹത്താലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതെന്ന് അൻവർ വ്യക്തമാക്കി. നേരിട്ട അപമാനം എല്ലാം വ്യക്തിപരമായി സഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Rahul Mamkootathil thanks PV Anwar for DMK support in Palakkad by-election