പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് അകലം പാലിക്കുന്നതായി റിപ്പോർട്ട്. മാധ്യമങ്ങൾ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന ആരോപണമാണ് രാഹുൽ ഉന്നയിക്കുന്നത്. പാലക്കാടിന്റെ പ്രശ്നങ്ങൾ ചർച്ചയാകാത്തതിലാണ് തന്റെ വിയോജിപ്പെന്ന് രാഹുൽ 24 നോട് വ്യക്തമാക്കി. എന്നാൽ, മാധ്യമ ബഹിഷ്കരണം യുഡിഎഫിന്റെ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദവും അതിന്റെ ചർച്ചകളുമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രകോപിപ്പിച്ചത്. വിജയം തടയാനുള്ള ശ്രമമാണിതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ, മാധ്യമങ്ങളുമായി അകലം പാലിക്കുന്നത് ഗുണകരമാകില്ലെന്ന് നേതാക്കൾ രാഹുലിനെ ഓർമിപ്പിച്ചു. യുഡിഎഫിന്റെ ശൈലിയോ സമീപനമോ അല്ല മാധ്യമങ്ങളെ ഒഴിവാക്കുന്നതെന്ന് പിസി വിഷ്ണുനാഥ് വ്യക്തമാക്കി.
വിവാദ കത്ത് പുറത്തുവിട്ടത് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ പി സരിനാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. കഴിഞ്ഞദിവസം സിപിഐ എം നേതാവ് എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരെ മോശമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലും ചില വാർത്തകൾ പുറത്തുവരുന്നതിൽ മാധ്യമങ്ങളോടുള്ള അതൃപ്തി പ്രകടിപ്പിക്കുന്നത്.
Story Highlights: Palakkad UDF candidate Rahul Mamkootathil criticizes media for alleged targeted attacks and lack of focus on local issues