കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാമെന്നും രാഹുൽ കൂട്ടിച്ചേർത്തു. തനിക്ക് ഒരു പി.ആർ ഏജൻസിയുമായും ബന്ധമില്ലെന്നും എൻ്റെ പി ആർ ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള – കേന്ദ്ര സർക്കാരുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്ന് രാഹുൽ ആരോപിച്ചു. എൽഡിഎഫും യുഡിഎഫും ഈ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് വേളയിൽ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ട്വന്റിഫോറിനോട് നടത്തിയ വെളിപ്പെടുത്തലിൽ ബിജെപി ആടി ഉലയുകയാണ്.
പഴയ നടക്കാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചാക്കുകെട്ടുകളിൽ കോഴിക്കോട് സ്വദേശി ധർമ്മരാജൻ പണം കൊണ്ടുവന്നുവെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന പേരിലാണ് പണം എത്തിച്ചതെന്നുമാണ് സതീശിന്റെ വെളിപ്പെടുത്തൽ. പണം എത്തിക്കുന്നതിനു മുന്നോടിയായി ധർമ്മരാജൻ ഓഫീസിൽ എത്തിയപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അവിടെ ഉണ്ടായിരുന്നുവെന്നും ഇരുവരുമായി ധർമ്മരാജൻ സംസാരിച്ചുവെന്നും സതീശ് പറയുന്നു. കൊടകര കുഴൽപ്പണക്കേസ് പോലീസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചിട്ടും ബിജെപി തങ്ങൾക്ക് പങ്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
Story Highlights: Rahul Mamkootathil challenges K Surendran over new revelations in Kodakara black money case