◾കല്ബുര്ഗി (കര്ണാടക): തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്ശനവുമായി രാഹുല് ഗാന്ധി രംഗത്ത്. വോട്ട് മോഷണം ആവര്ത്തിച്ചുള്ള ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി രംഗത്തെത്തി. കമ്മീഷന് കള്ളന്മാരെ സംരക്ഷിക്കുകയും മോഷണം കണ്ടില്ലെന്ന് നടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
രാഹുല് ഗാന്ധിയുടെ പ്രസ്താവനകള്ക്കെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെ രംഗത്തെത്തി. രാഹുല് ഗാന്ധി പറയുന്നത് അടിസ്ഥാനരഹിതവും തെറ്റായ കാര്യങ്ങളുമാണെന്ന് ഷിന്ഡെ പ്രതികരിച്ചു. ഇതിനിടെ വോട്ട് കൊള്ളയ്ക്കെതിരായ ഒപ്പുശേഖരണ ക്യാമ്പയിനില് എല്ലാവരും പങ്കെടുക്കണമെന്ന് പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു. കര്ണാടകയിലെ ആലന്ദ്, മഹാരാഷ്ട്രയിലെ രജുറ മണ്ഡലങ്ങളില് ക്രമക്കേട് നടന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.
രാഹുല് ഗാന്ധിയുടെ ആരോപണങ്ങള് തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിക്കളഞ്ഞു. തെളിവുകളടക്കം പുറത്തുവിട്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. അതേസമയം, രാഹുല് ഗാന്ധിയുടെ ജെന് സി പരാമര്ശത്തിനെതിരെ ബിജെപി രംഗത്തെത്തി.
രാഹുല് ഗാന്ധി കലാപം ഉണ്ടാക്കാന് ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ജെന് സി കുടുംബ രാഷ്ട്രീയത്തിന് എതിരാണെന്നും രാഹുല് രാജ്യം വിടാന് തയ്യാറാകൂ എന്നും എംപി നിഷികാന്ത് ദുബെ എക്സില് കുറിച്ചു. രാജ്യത്തെ യുവാക്കള്, വിദ്യാര്ഥികള്, ജെന് സി അവര് ഭരണഘടനയും ജനാധിപത്യത്തെയും സംരക്ഷിക്കുമെന്ന രാഹുല്ഗാന്ധിയുടെ പോസ്റ്റാണ് ബിജെപി വിവാദമാക്കിയത്.
“പുലര്ച്ചെ നാല് മണിക്ക് ഉണരുക. 36 സെക്കന്റിനുള്ളില് രണ്ട് വോട്ടുകള് വെട്ടുക. വീണ്ടും കിടന്ന് ഉറങ്ങുക. ഇങ്ങനെയാണ് വോട്ട് കൊള്ള നടന്നത്” എന്ന് രാഹുല് ഗാന്ധി എക്സില് കുറിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് ഉണര്ന്നിരുന്ന് മോഷണം നിരീക്ഷിക്കുകയും കള്ളന്മാരെ സംരക്ഷിക്കുകയും ചെയ്തുവെന്ന് രാഹുല് വിമര്ശിച്ചു.
Story Highlights : Congress leader Rahul Gandhi reiterated his “vote chori” allegations
Story Highlights: രാഹുൽ ഗാന്ധി വോട്ട് ചോർത്തൽ ആരോപണം ആവർത്തിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കുകയും ചെയ്തു.