മണിപ്പൂരിലെ സാഹചര്യം വിലയിരുത്താൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8 ന് സംസ്ഥാനം സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകൾ സന്ദർശിക്കുകയും പിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. നേരത്തെയും രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചിരുന്നു.
അന്ന് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വിമർശിച്ചിരുന്നു. മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും മോദി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.
പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ മണിപ്പൂർ വിഷയം ഉന്നയിച്ചിരുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തരം ശ്രമിച്ചതായി പ്രധാനമന്ത്രി മോദി പാർലമെന്റിൽ മറുപടി നൽകി.
സംസ്ഥാനത്തെ സംഘർഷങ്ങളിൽ കുറവുണ്ടായതായും ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും മോദി ആവശ്യപ്പെട്ടു.