കത്തോലിക്കാ സഭയ്ക്കെതിരെ ആർഎസ്എസ് മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായിരിക്കുകയാണ്. സഭയുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച ലേഖനം പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്. വഖഫ് ബിൽ പാസാക്കിയതിന് പിന്നാലെ ബിജെപിയുടെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്. വഖഫ് ബോർഡിനേക്കാൾ കൂടുതൽ ഭൂമി കത്തോലിക്കാ സഭയുടെ കൈവശമുണ്ടെന്നായിരുന്നു ലേഖനത്തിലെ ആരോപണം. ഏഴ് കോടി ഹെക്ടർ ഭൂമി സഭയുടെ പക്കലുണ്ടെന്നും ഇതിന് 20000 കോടി രൂപ വിലമതിക്കുമെന്നും ലേഖനത്തിൽ പറയുന്നു. 2457 ആശുപത്രികൾ, 240 മെഡിക്കൽ-നഴ്സിങ് കോളജുകൾ, 3000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും സഭയ്ക്കുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടി.
1927ലെ ഇന്ത്യൻ ചർച്ച് ആക്ട് സഭയ്ക്ക് വലിയ തോതിൽ ഭൂമി സ്വന്തമാക്കാൻ അവസരമൊരുക്കിയെന്നും ലേഖനത്തിൽ ആരോപിക്കുന്നു. ഭരണഘടനയാണ് തങ്ങളുടെ ആശ്രയമെന്നും അത് സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ ആർഎസ്എസിന് അധികം സമയം വേണ്ടിവന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണക്കുകൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം സഭ ഭൂമി സ്വന്തമാക്കിയത് നിയമാനുസൃതമാണോ എന്നും ഓർഗനൈസർ ലേഖനത്തിൽ സംശയം ഉന്നയിച്ചിരുന്നു. രാജ്യവ്യാപകമായി ചർച്ചയായതോടെ ലേഖനം ഓർഗനൈസർ പിൻവലിച്ചു. ലേഖനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ള നേതാക്കൾ രംഗത്തെത്തി.
Story Highlights: Rahul Gandhi criticized the RSS mouthpiece, Organiser, for publishing an article against the Catholic Church.