Indira Bhavan◾: ഇന്ന് രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനമാണ് ഇന്ന് നടക്കുന്നത്.
രാഹുൽ ഗാന്ധി നേരത്തെ ഹൈഡ്രജൻ ബോംബ് പക്കൽ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തള്ളിക്കളഞ്ഞിരുന്നു.
രാഹുൽ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജൻ ബോംബിനെക്കുറിച്ച് ആദ്യമായി സൂചിപ്പിച്ചത് വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ്. “ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്” എന്നും രാഹുൽ ഗാന്ധി അന്ന് പറയുകയുണ്ടായി.
നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. അതിനേക്കാൾ വലുത് എന്താണ് എന്ന് ചോദിച്ച രാഹുൽ ഗാന്ധി ആറ്റം ബോംബിനേക്കാൾ വലുത് ഹൈഡ്രജൻ ബോംബാണെന്നും കൂട്ടിച്ചേർത്തു.
ബോംബ് പൊട്ടിയാൽ മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ഇന്ന് രാഹുൽ ഗാന്ധി എന്ത് വിഷയങ്ങളാണ് ഉന്നയിക്കുന്നത് എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും.
Story Highlights: Rahul Gandhi is expected to make new revelations against the BJP and the Election Commission in a press conference today.