ആർ ശ്രീകണ്ഠൻ നായരുടെ നാല്പത് വർഷത്തെ മാധ്യമ ജീവിതത്തിന്റെ ആഘോഷ പരിപാടികൾക്ക് സിത്താരയും സംഘവും മാറ്റുകൂട്ടും. ട്വന്റിഫോർ ചീഫ് എഡിറ്റർ ആയ ആർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ 14 ജില്ലകളിലായി റോഡ് ഷോ സംഘടിപ്പിക്കുന്നു. മാർച്ച് 16 ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിന്നാണ് റോഡ് ഷോയുടെ ഉദ്ഘാടനം.
സിത്താര കൃഷ്ണകുമാറിന്റെ സംഗീത ബാൻഡായ പ്രൊജക്റ്റ് മലബാറിക്കസ് റോഡ് ഷോയുടെ ഉദ്ഘാടന ചടങ്ങിൽ സംഗീത വിസ്മയം തീർക്കും. നാല് പതിറ്റാണ്ടായി മലയാളിയുടെ വാർത്താ മുറിയിൽ ഊർജ്ജസ്വലതയുടെ പ്രതീകമായിരുന്നു ആർ ശ്രീകണ്ഠൻ നായർ. സാധാരണക്കാരുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും ഏകോപിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
മലയാള മാധ്യമ രംഗത്തെ എല്ലാ മാറ്റങ്ങൾക്കൊപ്പവും സഞ്ചരിച്ച അപൂർവ്വം മാധ്യമ പ്രവർത്തകരിൽ ഒരാളാണ് അദ്ദേഹം. വാർത്താ അവതരണത്തിലും റിപ്പോർട്ടിങ്ങിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹം മുൻകൈ എടുത്തു. വാർത്തകളുടെ സൂക്ഷ്മാംശങ്ങൾ വിശദീകരിക്കാനും സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താനും ട്വന്റിഫോറിന് കരുത്തായത് ശ്രീകണ്ഠൻ നായരുടെ അനുഭവസമ്പത്താണ്.
വാർത്തകളെ പാതിവഴിയിൽ ഉപേക്ഷിക്കാതെ, ദുരിതമനുഭവിക്കുന്നവരെ ട്വന്റിഫോർ കണക്ടിലൂടെ ചേർത്ത് നിർത്താനും അദ്ദേഹത്തിന് സാധിച്ചു. നാടിനെ വിറപ്പിക്കുന്ന അക്രമങ്ങൾ ഒഴിവാക്കാനും യുവാക്കളെ കുടുക്കുന്ന ലഹരിവലയത്തിന്റെ കണ്ണികൾ കണ്ടെത്താനും ക്രിയാത്മക ചർച്ചകൾ റോഡ് ഷോയുടെ ഭാഗമായി നടക്കും. നാല്പതിന്റെ നിറവിൽ നേരിട്ട് പ്രേക്ഷകരെ കാണാനെത്തുമ്പോൾ സമൂഹത്തിലെ പൊള്ളുന്ന പ്രശ്നങ്ങൾ ചർച്ചയാക്കും.
Story Highlights: Sithara Krishnakumar’s band, Project Malabaricus, will perform at the SKN @40 roadshow celebrating R Sreekandan Nair’s 40 years in media.