
കൊച്ചി : ഓണകിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം സപ്ലൈക്കോ തള്ളി.കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്.
ഏലയ്ക്ക വിതരണത്തിൽ തമിഴ്നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സപ്ലൈകോ എംഡി അലി അസ്കർ പാഷ വ്യക്തമാക്കി.
വിതരണത്തിനായി സർക്കാർ തയ്യാറാക്കിയ 85 ലക്ഷം ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്നും കൂടിയ വിലയ്ക്കാണ് ഇവ എത്തിച്ചതെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ഈ ആരോപണം സപ്ലൈകൊ തള്ളി.
കിറ്റ് ഒന്നിന് 20 ഗ്രാം ഏലക്ക വീതം 85 ലക്ഷം പാക്കറ്റ് ഏലയ്ക്കാ വാങ്ങുവാനാണ് സർക്കാർ തീരുമാനമെടുത്തത്. കിറ്റ് വിതരണം ജൂലൈ 31 ന് തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചതിനാൽ ലോക്കൽ മാർക്കറ്റിൽ നിന്നും ആദ്യത്തെ 5 ലക്ഷം ഏലയ്ക്ക പാക്കറ്റുകൾ വാങ്ങുകയായിരുന്നു.
ടെണ്ടർ വിളിച്ചായിരുന്നു ബാക്കി വരുന്നവയ്ക്കായി എടുത്തിരുന്നത്. ഇടുക്കിയിലെ പട്ടം കോളനി സൊസൈറ്റി, കോഴിക്കോട്ട് ഉണ്ണികുളം സൊസൈറ്റി പീരുമേടുള്ള ഹോച്ച് ലാന്റ്, തൃശ്ശൂരിലെ റോയൽ റിച്ച് തുടങ്ങിയ കമ്പനികളാണ് ടെണ്ടർ വിജയിച്ചത്.ഏലം വിതരണത്തിന് ഈ കമ്പനികൾക്കാണ് അനുവാദം നൽകിയത്.
ഏലയ്ക്കയ്ക്ക് ടെണ്ടർ നിർദ്ദേശ പ്രകാരമുള്ള 6.5 മിമി ഗുണനിലവാരം ഉണ്ടായിരുന്നതായും,പരിശോധനയിൽ ഗുണനിലവാര പ്രശ്നമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും സപ്ലൈകോ എംഡി വ്യക്തമാക്കി.
നേരിട്ട് സ്പൈസസ് മാർക്കറ്റിൽ നിന്നും ഏലയ്ക്ക വാങ്ങി പാക്കിംഗ് പൂർത്തിയാക്കാൻ സപ്ലൈകോയ്ക്ക് കഴിയുമായിരുന്നില്ല. തമിഴ്നാട്ടിലായിരുന്നു ടെണ്ടർ വിജയിച്ച ചില കമ്പനികൾ ഏലയ്ക്ക പാക്കിംഗ് നടത്തിയിരുന്നത്. എന്നാൽ അതിനു പിന്നാലെയുള്ള ഗുണനിലവാര പരിശോധനയിൽ തിരിമറിയ്ക്ക് സാധ്യതയില്ല.
ടെണ്ടറിൽ പങ്കെടുത്തിരുന്ന കമ്പനികൾക്ക് നൽകാൻ സാധിക്കാതെ വന്ന പതിനഞ്ചര ലക്ഷം പാക്കറ്റ് ഏലം കൺസ്യൂമർ ഫെഡ്, റെയ്ഡ്കോ തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് വാങ്ങിയത്.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇടനിലക്കാരുടെ ഇടപെടലിന് സാധ്യതയില്ലെന്നും സപ്ലൈകോ കൂട്ടിച്ചേർത്തു.
Story highlight : Quality Issue Controversy on Cardamom in Onam special kit