പിവിആർ ഐനോക്സ് പ്രേക്ഷകർക്ക് ഇഷ്ടാനുസരണം സിനിമകൾ തിരഞ്ഞെടുത്ത് കാണാനുള്ള പുതിയ സംവിധാനവുമായി രംഗത്ത്. സ്ക്രീനിറ്റ് എന്ന പുതിയ ആപ്പ് വഴി പ്രേക്ഷകർക്ക് സിനിമ, തിയേറ്റർ, സമയം എന്നിവ തിരഞ്ഞെടുത്ത് സ്വന്തമായി ഷോ ക്രിയേറ്റ് ചെയ്യാം. കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഒപ്പം സിനിമ കാണാനും, മറ്റുള്ളവരെ ക്ഷണിക്കാനും ഈ സംവിധാനം വഴി സാധിക്കും. പിവിആർ ഐനോക്സ് കളക്ഷൻ & ഇന്നൊവേഷൻ സിഇഒ റെനൗഡ് പല്ലിയർ ഇക്കണോമിക് ടൈംസിനോട് പറഞ്ഞതനുസരിച്ച്, സ്ക്രീനിറ്റ് വെറുമൊരു പ്ലാറ്റ്ഫോം എന്നതിലുപരി, സിനിമാറ്റിക് അനുഭവം പുനർനിർവചിക്കുന്നതിനുള്ള പുതിയകാല ചുവടുവയ്പ്പാണ്.
പുതിയ സംവിധാനത്തിലൂടെ കുറഞ്ഞത് രണ്ട് ടിക്കറ്റുകളെങ്കിലും ബുക്ക് ചെയ്താണ് ഷോ സൃഷ്ടിക്കാൻ സാധിക്കുക. ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ചയെത്തുടർന്ന് മൾട്ടിപ്ലക്സ് രംഗത്ത് പുതിയ പരീക്ഷണങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവാണ് പിവിആറിനെ ഇത്തരമൊരു സംരംഭത്തിന് പ്രേരിപ്പിച്ചത്. റീ-റിലീസുകളുടെ വിജയവും സ്ക്രീനിറ്റ് ആവിഷ്കരിക്കുന്നതിൽ നിർണായകമായെന്ന് പിവിആർ വക്താക്കൾ പറയുന്നു.
സ്വന്തമായി ഷോ ക്രിയേറ്റ് ചെയ്ത് സുഹൃത്തുക്കളെ ക്ഷണിക്കുന്നവർക്ക് റിവാർഡ് പോയിന്റുകളും ലഭിക്കും. പഴയകാല ക്ലാസിക് സിനിമകൾ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് റീ-റിലീസുകളുടെ വിജയമെന്ന് പിവിആർ ഐനോക്സിന്റെ ചീഫ് ബിസിനസ് പ്ലാനിംഗ് ആൻഡ് സ്ട്രാറ്റജി കമൽ ജിയാൻചന്ദാനി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ഇക്കണോമിക് ടൈംസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പഴയ സിനിമകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കാണാനുള്ള അവസരവും സ്ക്രീനിറ്റ് ഒരുക്കുന്നു.
Story Highlights: PVR Inox launches ‘Screenit’, a new feature allowing viewers to create and customize their own movie screenings.