വടകര ആഷിറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പി.വി. അൻവർ എംഎൽഎ ആരോപിച്ചു. മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കിയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ആഷിർ ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണ് മരിച്ചതെന്നാണ് പൊതുവേ പറയപ്പെടുന്നതെങ്കിലും, കുട്ടിക്ക് വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണത്തിൽ നിന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും മനസിലാകുന്നതെന്ന് അൻവർ പറഞ്ഞു.
ആഷിറിന്റെ മരണത്തിന് പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്നും അൻവർ ആരോപിച്ചു. കേസിൽ നിന്നും ചിലർ രാഷ്ട്രീയ സ്വാധീനത്താൽ രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് മുൻപ് ആഷിറിനെ ഒരു മനോരോഗ കൗൺസിലറെ കാണിച്ചപ്പോൾ, ചിലർ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി കുട്ടി കൗൺസിലറോട് പറഞ്ഞതായും അൻവർ വെളിപ്പെടുത്തി. എന്നാൽ ഇവർക്കെതിരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഷിർ മരിക്കുന്നതിന് തൊട്ടുമുൻപ് ഒരു അജ്ഞാതൻ കുട്ടിയെ അടുത്തുള്ള ഖബറിസ്ഥാനിലേക്ക് കൂട്ടിക്കൊണ്ടുപോയതായി കണ്ടവരുണ്ടെന്ന് അൻവർ പറഞ്ഞു. പിന്നീട് ഒരു ചുവന്ന കാറിൽ കുട്ടിയെ തിരിച്ചാക്കിയതായി സഹപാഠികളും കണ്ടിട്ടുണ്ട്. തുടർന്ന് കുട്ടി കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. കുട്ടിക്ക് വിഷം നൽകിയതാണെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാമി തിരോധാനക്കേസിന്റെയും റിദാൻ വധക്കേസിന്റെയും മറ്റൊരു രൂപമാണ് ആഷിറിന്റെ മരണമെന്നും അൻവർ ആരോപിച്ചു.
Story Highlights: PV Anvar MLA alleges mystery in Ashir’s death, claims drug mafia involvement and political influence in case