റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ ഫലങ്ങൾ ഉണ്ടാകാത്തതിനെ തുടർന്നാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. അതേസമയം, മലേഷ്യയിലെ കോലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ട്രംപും മോദിയും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, എച്ച് 1 ബി വിസയിൽ അമേരിക്ക ചില വ്യക്തതകൾ വരുത്തിയിട്ടുണ്ട്.
യുക്രെയ്നിലെ പോരാട്ടം അവസാനിപ്പിക്കാൻ റഷ്യ വിസമ്മതിച്ചതാണ് കൂടിക്കാഴ്ച ഒഴിവാക്കാൻ കാരണമെന്ന് ട്രംപ് സൂചന നൽകി. പാഴായിപ്പോകുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് താനില്ലെന്ന് ട്രംപ് വ്യകതമാക്കി. യുക്രെയ്നിലെ ഇപ്പോഴത്തെ യുദ്ധം മരവിപ്പിക്കാനുള്ള യൂറോപ്യൻ നേതാക്കളുടെയും യുക്രെയ്ൻ്റെയും നിർദ്ദേശം ട്രംപ് നേരത്തെ അംഗീകരിച്ചിരുന്നു.
ഓഗസ്റ്റിൽ അലാസ്കയിലെ ആങ്കറേജിൽ വെച്ച് നടന്ന പുടിൻ – ട്രംപ് കൂടിക്കാഴ്ചയിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ ഫലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും തമ്മിൽ നടന്ന സംഭാഷണത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായത്.
ഈ മാസം 26, 27 തീയതികളിൽ മലേഷ്യയിലെ കോലാലംപൂരിൽ വച്ചാണ് ആസിയാൻ ഉച്ചകോടി നടക്കുന്നത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മോദിയെയും ട്രംപിനെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആസിയാൻ ഉച്ചകോടി വേദിയിൽ ട്രംപും മോദിയും കൂടിക്കാഴ്ച നടത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതിനിടെ, എച്ച് 1 ബി വിസയില് അമേരിക്ക ചില കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എഫ് 1 വിദ്യാര്ത്ഥി പദവിയില് നിന്ന് എച്ച് 1 ബി പദവിയിലേക്ക് മാറുന്നതുപോലെ രാജ്യം വിടാതെ സ്റ്റാറ്റസ് മാറ്റം അപേക്ഷിക്കുന്നവര്ക്കും ഫീസ് ബാധകമല്ല. ഇത് ഇന്ത്യന് വിദ്യാര്ത്ഥികള്ക്ക് വലിയ ആശ്വാസമാണ്.
വിസ സ്റ്റാറ്റസ് മാറ്റത്തിനും സ്റ്റേ കാലാവധി നീട്ടലിനുമുള്ള അപേക്ഷകള്ക്ക് ഫീസ് വര്ധന ബാധകമാകില്ലെന്ന് യുഎസ് സിറ്റിസണ്ഷിപ്പ് ആന്റ് ഇമിഗ്രേഷന് സര്വീസസ് അറിയിച്ചു. എഫ് 1 സ്റ്റുഡന്റ് വിസ ഉടമകള്, എല് 1 ഇൻട്ര കമ്പനി ട്രാന്സ്ഫറികള്, വിസ പുതുക്കുന്നതിനോ നീട്ടുന്നതിനോ അപേക്ഷിക്കുന്ന നിലവിലെ എച്ച് 1 ബി വിസക്കാര് എന്നിവരുള്പ്പടെ ആര്ക്കും ലക്ഷം ഡോളര് ഫീസ് ബാധകമാകില്ല.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസകരമാകുന്നതാണ് അമേരിക്കയുടെ പുതിയ തീരുമാനം. എച്ച് 1 ബി വിസയില് അമേരിക്ക കൂടുതൽ വ്യക്തത വരുത്തിയത് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും.
Story Highlights : Putin-Trump summit on hold
Story Highlights: യുക്രൈൻ യുദ്ധത്തിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ ട്രംപ്-പുടിൻ കൂടിക്കാഴ്ച റദ്ദാക്കി, അതേസമയം ആസിയാൻ ഉച്ചകോടിയിൽ ട്രംപും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്..