അല്ലു അര്ജുന്റെ ഏറ്റവും പുതിയ ചിത്രമായ ‘പുഷ്പ: ദി റൂള് – ഭാഗം 2’ വന് വിജയം കൈവരിക്കുന്നതായി പുതിയ കളക്ഷന് റിപ്പോര്ട്ട്. ആദ്യ ദിനം തന്നെ 294 കോടി രൂപ നേടിയ ചിത്രം ഇപ്പോള് 1000 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ആറാം ദിവസത്തില് 950 കോടി രൂപയുടെ ഗ്രോസ് കളക്ഷന് നേടുമെന്നാണ് പ്രതീക്ഷ. ആറാം ദിവസം രാവിലത്തെ ഷോകളില് നിന്ന് മാത്രം 4.1 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില് നിന്നായി ചിത്രം ഇതുവരെ 597 കോടി രൂപയുടെ കളക്ഷന് നേടിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ മുഴുവന് കളക്ഷനെയും മറികടന്നുള്ള കുതിപ്പാണ് ‘പുഷ്പ 2’ വിന്റേത്. ഇന്ത്യന് സിനിമയിലെ തന്നെ പല റെക്കോര്ഡുകളും മാറ്റിത്തിരുത്തിയിരിക്കുകയാണ് ഈ ചിത്രം. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില് 800 കോടി കടന്ന ഇന്ത്യന് ചിത്രമെന്ന നേട്ടവും ‘പുഷ്പ 2’ സ്വന്തമാക്കി.
അല്ലു അര്ജുനൊപ്പം ഫഹദ് ഫാസിലും രശ്മിക മന്ദാനയും ചിത്രത്തില് പ്രധാന വേഷങ്ങളില് എത്തിയിരുന്നു. സുകുമാർ ബന്ദ്റെഡ്ഡിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്വഹിച്ചത്. നവീൻ യെർനേനിയും രവിശങ്കർ യലമഞ്ചിലിയും ചേര്ന്നാണ് ചിത്രം നിർമ്മിച്ചത്. ദേവി ശ്രീ പ്രസാദ് സംഗീതം നല്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മിറെസ്ലോ ക്യൂബ ബ്രോസെക് നിര്വഹിച്ചു. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.
Story Highlights: Allu Arjun’s ‘Pushpa: The Rule – Part 2’ nears 1000 crore club, breaking multiple Indian cinema records.