2019 ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ ആറാം വാർഷികമാണ് ഇന്ന്. സി.ആർ.പി.എഫ്. ജവാന്മാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. പുൽവാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപം വെച്ച്, 100 കിലോഗ്രാം സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപ്പിയോ വാൻ ചാവേർ ഭീകരൻ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഈ ഹീനകൃത്യത്തിൽ മലയാളി സൈനികൻ വി.വി. വസന്തകുമാർ ഉൾപ്പെടെ 40 സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യു വരിച്ചു.
പുൽവാമ സ്വദേശിയായ ആദിൽ അഹമ്മദ് ആയിരുന്നു ചാവേർ. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. 76-ാം നമ്പർ ബറ്റാലിയന്റെ ബസിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ചാവേർ സ്ഫോടനത്തിൽ പിന്നാലെ വന്ന ബസുകളിലുണ്ടായിരുന്ന സൈനികരിൽ പലർക്കും ഗുരുതരമായി പരുക്കേറ്റു.
ആക്രമണത്തിന് പിന്നാലെ, 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലർച്ചെ ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ പാകിസ്താനിലെ ഖൈബർ പ്രവിശ്യയിലെ ബാലാകോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പിൽ പ്രത്യാക്രമണം നടത്തി. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഉൾപ്പെടെ 19 പേർക്കെതിരെ 2020 ഓഗസ്റ്റിൽ എൻഐഎ 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചു. മസൂദ് അസ്ഹറിനെ യു.എൻ. രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു.
ഇന്നും രാജ്യത്തെ നടുക്കുന്ന ഓർമ്മയാണ് പുൽവാമ ഭീകരാക്രമണം. ഈ ദിനത്തിൽ രാജ്യം വീരമൃത്യു വരിച്ച സൈനികരെ സ്മരിക്കുന്നു.
Story Highlights: Today marks the sixth anniversary of the Pulwama terror attack, which claimed the lives of 40 CRPF personnel, including Malayali soldier V. V. Vasanthakumar.