ഇന്ത്യന് ഒളിമ്പിക് അസോസിയേഷന് (ഐഒഎ) സ്ഥാനമാനങ്ങളെ ചൊല്ലി പ്രസിഡന്റ് പി.ടി. ഉഷയും എക്സിക്യൂട്ടീവ് അംഗങ്ങളും തമ്മിലുള്ള തര്ക്കങ്ങള് പരസ്യമായിരിക്കുകയാണ്. ഐഒഎ ഭരണഘടനയും സ്പോര്ട്സ് കോഡും ലംഘിച്ച് സ്ഥാനങ്ങള് വഹിക്കുന്നുവെന്ന ആരോപണമാണ് ഇരുവിഭാഗവും പരസ്പരം ഉന്നയിക്കുന്നത്. സെപ്റ്റംബര് പത്തിന് അഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്ക്ക് ഉഷ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായി വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് അംഗവുമായ രാജ്ലക്ഷ്മി സിംഗ് ദിയോ നല്കിയ കത്തിലൂടെയാണ് തര്ക്കം പരസ്യമായത്.
ഉഷയെ ഐഒഎ പ്രസിഡന്റായി തിരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന് രാജ്ലക്ഷ്മി ആരോപിക്കുന്നു. ഐഒഎയുടെ ജനറല്ബോഡിയില് ഇക്കാര്യം ചര്ച്ച ചെയ്തിട്ടില്ലെന്നും അതിനാല് ഉഷയുടെ പ്രസിഡന്റ് പദവി സംശയാസ്പദമാണെന്നും അവര് കത്തില് ചൂണ്ടിക്കാട്ടി. സ്പോര്ട്സ് മന്ത്രി മന്സുഖ് മാണ്ഡവ്യക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലെ എന്.ഒ.സി റിലേഷന്സ് ഡിപ്പാര്ട്ട്മെന്റ്ിലെ ജെറോം പോയിവിക്കും കത്തിന്റെ പകര്പ്പ് നല്കിയിട്ടുണ്ട്.
ഐഒഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്പോര്ട്സ് പേഴ്സണ് ഓഫ് ഔട്ട്സ്റ്റാന്ഡിംഗ് മെറിറ്റിനെ (എസ്ഒഎം) നാമനിര്ദ്ദേശം ചെയ്യുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള നടപടിക്രമങ്ങള് നിര്ദ്ദേശിക്കുന്ന ഐഒഎ ഭരണഘടനയിലെ വിവിധ വകുപ്പുകളും രാജ്ലക്ഷ്മി കത്തില് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തന്റെ ആരോപണവുമായി ബന്ധപ്പെട്ട ഉഷയുടെ പ്രതികരണം എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി പങ്കിടണമെന്നും അവര് ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: IOA President PT Usha’s position questioned by executive members over alleged violations of constitution and sports code