ഷെയ്ൻ നിഗം ചിത്രം ‘ആർഡിഎക്സി’ന്റെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയെ സമീപിച്ചു. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയാണ് ഹർജി നൽകിയത്. നഹാസ് കരാർ ലംഘിച്ചുവെന്നാണ് കമ്പനിയുടെ ആരോപണം.
ആർഡിഎക്സ് സിനിമ സംവിധാനം ചെയ്യാനായി നഹാസിന് 15 ലക്ഷം രൂപ നൽകിയതായും, രണ്ടാമത്തെ സിനിമയും ഇതേ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധി കരാറിലുണ്ടായിരുന്നതായും നിർമാതാക്കൾ പറയുന്നു.
ചിത്രം റിലീസ് ആയതിന് ശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും പ്രി-പ്രൊഡക്ഷൻ ജോലികൾക്കായി 4,82,000 രൂപയും നഹാസിന് നൽകിയതായി ഹർജിയിൽ പറയുന്നു. എന്നാൽ, പുതിയ പ്രോജക്ടില് നിന്നും താൻ പിൻമാറുകയാണെന്ന് പിന്നീട് നഹാസ് അറിയിച്ചുവെന്നാണ് നിർമാതാക്കളുടെ ആരോപണം.
നഹാസിനോട് പല തവണ സിനിമയിൽ തുടരാൻ കമ്പനി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെ ഇതിനോടകം കൈപ്പറ്റിയ തുകയും കൂടാതെ 50 ലക്ഷവും 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നൽകണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്.
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ആർഡിഎക്സ്. 2023 ഓഗസ്റ്റ് 25 ന് റിലീസ് ചെയ്ത ഈ ചിത്രം വൻ ഹിറ്റായിരുന്നു. ലോകമെമ്പാടും 84 കോടിയും കേരളത്തിൽ നിന്ന് 50 കോടിയും ചിത്രം കളക്ഷന് നേടിയിരുന്നു.
നേരത്തേ ആര്ഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ഉയർന്നിരുന്നു. വാഗ്ദാനം ചെയ്ത പണം നൽകിയില്ല എന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പൊലീസിൽ പരാതി നൽകിയിരുന്നു.