മദ്രസകൾ അടച്ചുപൂട്ടണമെന്ന നിർദേശത്തിനെതിരെ കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങളെ വിമർശിച്ച് ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂഗോ രംഗത്തെത്തി. കേരളത്തിലെ വ്യാപക പ്രതിഷേധത്തെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചുകൊണ്ട് അദ്ദേഹം എക്സിൽ കുറിച്ചു, ഏകപക്ഷീയമായ അഭിപ്രായങ്ങൾ വച്ച് ഇത്തരം അജണ്ടകൾ വ്യാപകമായി പ്രചരിപ്പിക്കരുതെന്ന്. ബാലാവകാശങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേറെ വഴി തേടേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.
മദ്രസകൾ അടച്ചുപൂട്ടണമെന്ന് കാണിച്ച് ബാലാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് കത്തയച്ചതാണ് കേരളത്തിലെ പ്രതിഷേധങ്ങൾക്ക് കാരണമായത്. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്നും മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് ഈ കത്ത് അയച്ചത്.
കേന്ദ്ര സർക്കാരിന്റേയും അവരുടെ ഏജൻസികളുടേയും വർഗീയ അജണ്ടയാണ് മദ്രസകൾക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തെക്കുറിച്ചുള്ള പത്ര റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് കനൂഗോയുടെ പ്രതികരണം വന്നത്. “വിശ്വാസത്തിന്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളും മദ്രസകളും” എന്ന തലക്കെട്ടിൽ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തിൽ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങൾ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോർട്ടിന്റെ ഭാഗമായാണ് ഈ ശുപാർശകൾ വന്നത്.
Story Highlights: National Commission for Protection of Child Rights chairman Priyank Kanoongo criticizes protests in Kerala against directive to close madrasas