രാഷ്ട്രപതി റഫറൻസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. ഈ കേസിൽ സുപ്രീംകോടതിയുടെ തീരുമാനം നിർണായകമാവുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ റഫറൻസിലാണ് കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വ്യക്തത നൽകുന്നത്.
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമു 14 വിഷയങ്ങളിൽ വ്യക്തത തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങൾ പ്രകാരമുള്ള വിഷയങ്ങളിലാണ് രാഷ്ട്രപതി റഫറൻസ് നൽകിയത്. ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസിൽ വ്യക്തത വരുത്തുക.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് കൂടാതെ ജസ്റ്റിസ് സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർകർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ബില്ലുകൾ അനന്തമായി തടഞ്ഞുവയ്ക്കാൻ സാധിക്കുമോ എന്ന പ്രധാന ചോദ്യം ഭരണഘടനാ ബെഞ്ച് ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ തീരുമാനം എന്താകുമെന്ന ആകാംഷയിലാണ് പലരും.
ഒരു ഭരണഘടനാ സ്ഥാപനം അതിന്റെ ചുമതലകൾ നിർവഹിക്കുന്നില്ലെങ്കിൽ, മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലായെന്ന വാദമാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചത്. അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് മടക്കണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ സംസ്ഥാനങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്നവയാണ്.
രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വിശദമായ വാദം നടന്നിരുന്നു. ഈ കേസിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുമുള്ള ഏതൊരു തീരുമാനവും വളരെ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും നിയമ വിദഗ്ധരും. അതിനാൽ തന്നെ സുപ്രീംകോടതിയുടെ ഈ വിധി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ച് നിർണായകമാകും.
ഇന്നത്തെ സുപ്രീം കോടതിയുടെ വിധിയിൽ വലിയ പ്രതീക്ഷകളാണ് പല സംസ്ഥാനങ്ങൾക്കുമുള്ളത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് ഏവരും. അതിനാൽത്തന്നെ ഈ കേസിന്റെ വിധിക്ക് വലിയ പ്രാധാന്യമുണ്ട്.
Story Highlights : Presidential Reference verdict today



















