സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്, നിയമസഭ പാസാക്കിയ ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കുന്നു. ഈ വിഷയത്തിൽ ആദ്യമായി റഫറൻസ് നിലനിൽക്കുമോ എന്നതാണ് കോടതി പരിശോധിക്കുന്നത്. രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്ന് തമിഴ്നാട് വാദിച്ചപ്പോൾ, മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ പ്രധാന ചുമതലയെന്ന് കേരളം കോടതിയിൽ വ്യക്തമാക്കി.
റഫറൻസ് പരിഗണിക്കുന്നതിന് മുന്നോടിയായി, രാഷ്ട്രപതി ദ്രൗപതി മുർമുവും ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് ബില്ല് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള ഉത്തരമാണ് തമിഴ്നാട് വിധിന്യായത്തിൽ ഉള്ളതെന്ന് കേരളം വാദിച്ചു. സുപ്രീം കോടതിയുടെ ഒരു വിധി ആർട്ടിക്കിൾ 141 പ്രകാരം നിയമമാണെന്നും ആ നിയമത്തിന് എല്ലാവരും വിധേയരാണെന്നും കേരളം സുപ്രീം കോടതിയിൽ അറിയിച്ചു.
കേന്ദ്ര സർക്കാർ സുപ്രീം കോടതി വിധി മറികടക്കാൻ ശ്രമിക്കുന്നുവെന്ന് കേരളം വാദിച്ചു. രാഷ്ട്രപതിയുടെ റഫറൻസ് കേന്ദ്ര സർക്കാരിൻ്റേതാണെന്നും കേരളം ആരോപിച്ചു. റഫറൻസ് നിലനിൽക്കാത്ത ഒരു ഡിവിഷൻ ബെഞ്ച് വിധി കാണിച്ചു തരാൻ ചീഫ് ജസ്റ്റിസ് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. തമിഴ്നാടിന് വേണ്ടി മനു അഭിഷേക് സിംഗ്വിയാണ് സുപ്രീം കോടതിയിൽ ഹാജരായത്.
രാഷ്ട്രപതിക്ക് റഫറൻസ് അയക്കാൻ അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. ഭരണഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും, വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് തോന്നിയതിനാലാണ് രാഷ്ട്രപതി റഫറൻസ് നൽകിയതെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. രാഷ്ട്രപതി അയച്ച റഫറൻസുകൾക്ക് സുപ്രീംകോടതി മറുപടി നൽകിയിട്ടുണ്ട്. ബാബറി മസ്ജിദ് റഫറൻസ് ഒഴികെ എല്ലാ റഫറൻസിലും മറുപടി നൽകിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അനുച്ഛേദം 200 പാലിക്കാനാണ് ഗവർണർ ഉത്തരവാദി എന്നും കേന്ദ്രം വാദിച്ചു. ഉന്നത ഭരണഘടനാ പദവിയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കോടതിവിധി ഭരണഘടനാപരമായ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രധാന വാദം.
മൂന്നുമാസം എന്ന സമയപരിധി പാലിക്കാൻ രാഷ്ട്രപതി എങ്ങനെ ബാധ്യസ്ഥനാകുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ചോദിച്ചു. ഈ കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് എന്ത് തീരുമാനമെടുക്കുമെന്നതാണ് ഉറ്റുനോക്കുന്നത്.
Story Highlights: The Supreme Court’s Constitution Bench is considering the President’s reference against setting a time limit for bills passed by the Legislative Assembly.