യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയില് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരം ലഭിച്ച ആദ്യ ഗഡുവായ 40,000 രൂപയുമായി 11 സ്ത്രീകള് തങ്ങളുടെ കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായാണ് വിവരം. ഭര്ത്താക്കന്മാരാണ് ഈ വിവരം അധികൃതരെ അറിയിച്ചത്.
ദരിദ്രരും മധ്യവര്ഗ്ഗ വിഭാഗത്തില്പ്പെട്ടവരുമായ കുടുംബങ്ങള്ക്ക് വീട് നിര്മ്മിച്ചു നല്കുന്നതിനായി കേന്ദ്രസര്ക്കാര് നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും 2.5 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. മഹാരാജ്ഗഞ്ച് ജില്ലയില് 2350 പേര്ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.
തുത്തിബാരി, ശീത്ലാപൂര്, ചാതിയ, രാംനഗര്, ബകുല് ദിഹ, ഖസ്ര, കിഷുന്പൂര്, മേധൗലി തുടങ്ങിയ ഗ്രാമങ്ങളിലെ ഗുണഭോക്താക്കള്ക്കാണ് പദ്ധതി പ്രകാരമുള്ള തുക ലഭിച്ചത്. പലരുടെയും വീടുകളുടെ നിര്മ്മാണം ഏകദേശം പൂര്ത്തിയായിട്ടുണ്ട്. എന്നാല് ഈ സംഭവം വലിയ വിവാദമായതോടെ, ബാക്കി ഗഡുക്കളുടെ വിതരണം തല്ക്കാലം നിര്ത്തിവയ്ക്കാന് അധികൃതര് തീരുമാനിച്ചിരിക്കുകയാണ്.