കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂർ സ്വദേശി പി.പി. മാധവന്റെ സംസ്കാരം ഇന്ന് നടക്കും. ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നെഹ്റു കുടുംബവുമായി നാല് പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധമാണ് പി.പി. മാധവന് ഉണ്ടായിരുന്നത്. ജോലി തേടി രാജ്യ തലസ്ഥാനത്തെത്തിയ അദ്ദേഹം പിന്നീട് നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറകളുടെ വിശ്വസ്തനായി മാറി. “ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം” എന്നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാധവനെ കുറിച്ച് ഫയലിൽ കുറിച്ചത്.
1982-83 കാലഘട്ടത്തിൽ തൃശ്ശൂർ ഒല്ലൂർ തിരുവള്ളക്കാവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്ന മാധവൻ, ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന സഹോദരൻ വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒഴിവിനെക്കുറിച്ച് അറിഞ്ഞത്. ഇന്ദിരാ ഗാന്ധി നേരിട്ട് നടത്തിയ അഭിമുഖത്തിനു ശേഷമാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ദിരയ്ക്ക് ശേഷം രാജീവിന്റെ നിഴലായും, പിന്നീട് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായും 10 ജൻപഥിലെ നിറസാന്നിധ്യമായി മാറി.
ഇന്ദിരയുടെയും രാജീവിന്റെയും അകാല വിയോഗത്തിൽ കുടുംബത്തിന്റെ തുണയായത് പി.പി. മാധവനായിരുന്നു. പരാതികളുമായും സഹായം തേടിയും എത്തുന്നവരെ നിരാശരാക്കാതെ സഹായിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു. 10 ജൻപഥിൽ ഒരിക്കലെങ്കിലും എത്തിയവർ മാധവ് ജിയെ മറക്കില്ല. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് പോലും കർമനിരതനായിരുന്ന മാധവന്റെ വിയോഗത്തിലൂടെ രാഹുലിനും പ്രിയങ്കയ്ക്കും നഷ്ടമായത് ഒരു കുടുംബാംഗത്തെ തന്നെയാണ്.
Story Highlights: Sonia Gandhi’s long-time personal secretary P.P. Madhavan’s cremation to be held today, Rahul Gandhi to attend.