യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ പോളണ്ടിനെ 5-1 എന്ന സ്കോറിന് തകർത്തു. കപ്പിത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകൾ ഉൾപ്പെടെയുള്ള മികച്ച പ്രകടനത്തിലൂടെയാണ് പറങ്കിപ്പട ക്വാർട്ടറിൽ പ്രവേശിച്ചത്. ഗോൾരഹിത ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലിന്റെ ഗോൾമഴ.
റാഫേൽ ലിയോ 59-ാം മിനിറ്റിൽ പോർച്ചുഗലിന് വേണ്ടി ആദ്യ ഗോൾ നേടി. 72-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും 87-ാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെയും റൊണാൾഡോ രണ്ട് ഗോളുകൾ നേടി. ദേശീയ ടീമിനായുള്ള താരത്തിന്റെ 135-ാം ഗോൾ ആയിരുന്നു ഇത്. ബ്രൂണോ ഫെർണാണ്ടസും പെഡ്രോ നെറ്റോയും കൂടി സ്കോർ ചെയ്തപ്പോൾ പോർച്ചുഗലിന്റെ അക്കൗണ്ടിൽ 5 ഗോൾ എത്തി. 88-ാം മിനിറ്റിൽ ഡൊമിനിക് മാർസുക്ക് പോളണ്ടിന് വേണ്ടി ആശ്വാസ ഗോൾ നേടി.
Ronaldo doing Ronaldo things 🚲🤤#UNLGOTR | @AlipayPlus | #NationsLeague pic.twitter.com/qvR0VLXekz
— UEFA EURO 2024 (@EURO2024) November 15, 2024
അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമായി ലീഗ് എയിലെ ഗ്രൂപ്പ് ഒന്നിൽ 13 പോയിന്റോടെ ഒന്നാം സ്ഥാനത്ത് അജയ്യരായി തുടരുകയാണ് പോർച്ചുഗൽ. പുറം വേദനയെ തുടർന്ന് സൂപ്പർ താരം ലെവൻഡോവ്സ്കിയില്ലാതെയാണ് പോളണ്ട് കളിക്കാനിറങ്ങിയത്. നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പോളണ്ട്. മറ്റ് മത്സരങ്ങളിൽ സ്കോട്ലൻഡിനോട് ക്രൊയേഷ്യ ഒരു ഗോളിന് തോറ്റപ്പോൾ, സ്പെയിൻ ഡെന്മാർക്കിനെ 2-1 ന് തോൽപ്പിച്ചു.
Story Highlights: Portugal thrashes Poland 5-1 in UEFA Nations League with Ronaldo’s double