ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടായെന്ന് വിലയിരുത്താം. ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ഫ്രാൻസിസ് മാർപാപ്പ നാളെ ആശുപത്രി വിടുമെന്നാണ് റിപ്പോർട്ട്. രോഗം ഭേദമായതിനെ തുടർന്നാണ് മാർപാപ്പയെ ഡിസ്ചാർജ് ചെയ്യുന്നത്. ടൈം മാഗസിൻ റിപ്പോർട്ട് പ്രകാരം നാളെത്തന്നെ മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങും.
മാർപാപ്പയ്ക്ക് രണ്ട് മാസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 14നാണ് ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ മാർപാപ്പയെ ജെമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരട്ട ന്യുമോണിയ ബാധിതനായതോടെ മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ വഷളായി.
88 വയസ്സുകാരനായ മാർപാപ്പ വളരെ സങ്കീർണമായ രോഗാവസ്ഥയെ അതിജീവിച്ചുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശ്വസനനാളത്തിൽ വലിയ അണുബാധയും ബാക്ടീരിയൽ അണുബാധയും അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച മുതൽ മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതി ദൃശ്യമായി.
പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറവാണെന്നും വിളർച്ചയുണ്ടെന്നും ആശുപത്രിയിലെ ആദ്യ രക്തപരിശോധനയിൽ കണ്ടെത്തി. ഫെബ്രുവരി 28ന് മാർപാപ്പയ്ക്ക് കഠിനമായ ചുമയും ഛർദ്ദിയും അനുഭവപ്പെട്ടു. ലോകമെമ്പാടുമുള്ള വിശ്വാസികൾ മാർപാപ്പയുടെ സുഖം പ്രാപിക്കാൻ പ്രാർത്ഥന തുടങ്ങി.
ശ്വസിക്കാൻ സഹായിക്കുന്നതിന് ഒരു നോൺ-ഇൻവേസീവ് മെക്കാനിക്കൽ വെന്റിലേഷൻ മാസ്ക് ഉപയോഗിക്കേണ്ടി വന്നു. ചികിത്സയുടെ ഒരു ഘട്ടത്തിൽപ്പോലും അദ്ദേഹത്തിന് ബോധക്ഷയമുണ്ടായിട്ടില്ല. ചികിത്സയോട് അങ്ങേയറ്റം മനശക്തിയോടെയാണ് അദ്ദേഹം സഹകരിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു.
Story Highlights: Pope Francis, after 38 days of hospitalization, will be discharged tomorrow following recovery from illness.