പൗരത്വ ഭേദഗതി ബില്ലിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ കുട്ടികളെ പോലീസ് ചോദ്യം ചെയ്തത് ജുവനൈൽ ജസ്റ്റിസ് വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്ന് കർണാടക ഹൈക്കോടതി.
കഴിഞ്ഞ വർഷമാണ് ബീദറിലെ ഷഹീൻ എഡ്യുക്കേഷൻ സൊസൈറ്റിയിലെ കുട്ടികൾ പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂന്ന് മിനുറ്റ് ദൈർഘ്യമുള്ള നാടകം അവതരിപ്പിച്ചത്. ഇതിന്റെ പേരിലാണ് രാജ്യദ്രോഹകുറ്റം ആരോപിച്ച് പോലീസുകാർ കുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ സ്കൂളിലെ ഒരു ടീച്ചറേയും പഠിച്ചിരുന്ന കുട്ടിയുടെ രക്ഷിതാവിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോലീസുകാർ യൂണിഫോം ധരിച്ച് തോക്കുകൾ കൈവശം വെച്ച് കുട്ടികളെ ചോദ്യം ചെയ്തത് ജുവനൈൽ ജസ്റ്റിസ് നിയമ(2015)ത്തിന്റെ ലംഘനമായിരുന്നെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ചോദ്യം ചെയ്യലിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.ചീഫ് ജസ്റ്റിസ് അഭയ് ഓക, ജസ്റ്റിസ് എൻഎസ് സഞ്ജയ് ഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
യൂണിഫോം ധരിച്ചും ആയുധങ്ങൾ കൈവശം വെച്ചും കുട്ടികളെ പോലീസ് ചോദ്യം ചെയ്യുന്ന ഫോട്ടോകളുടെ വസ്തുത ബസവേശ്വർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശരി വെച്ചതിന് ശേഷമാണ് നിരീക്ഷണം നടത്തിയത്. “കുട്ടികളുമായി ഇടപഴകുന്ന പോലീസ് ഓഫീസർ കഴിയുന്നത്രയും യൂണിഫോം ധരിക്കാതെ സാധാരണ വസ്ത്രത്തിൽ ആയിരിക്കണം, ഒരു പെൺകുട്ടിയോട് പെരുമാറാൻ, വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം.”
“പ്രഥമ ദൃഷ്ടാ പോലീസുകാരുടെ നടപടി കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതും ജെജെ ആക്റ്റ് 2016 ലെ 86 (5) ലെ വ്യവസ്ഥകളുടെ ലംഘനവുമാണ്.” ബെഞ്ച് കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം നടപടികൾആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള പോലീസിന് കോടതി നിർദേശം നൽകി.
story Highlight : police interrogation of children with guns is the violation of JJ act.